ബിസിനസ് ജെറ്റുകള്‍ പറത്തി പ്രാവീണ്യം നേടിയവർ: കോക്പിറ്റിലെ ആ രണ്ട് പേർ സുമിതും ശംഭാനിയും
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ച വിമാനം ബാരാമതി എയർഫീൽഡിനു സമീപം തകർന്നുവീണ അപകടത്തിൽ, വിമാനം നിയന്ത്രിച്ചിരുന്നത് പൈലറ്റും സഹ-പൈലറ്റുമായ സുമിത് കപൂറും ശംഭാനി പഥക്കും.
ഇരുവരും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട് 45 മിനിറ്റ് പറന്ന ശേഷം ബാരാമതിയിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് വിമാനം തകർന്നത്. ക്രാഷ് ലാൻഡിങ് ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്ന സൂചനകളാണ് പ്രാഥമിക റിപ്പോർട്ടുകളിലുള്ളത്.
അപകടത്തിൽപ്പെട്ട വിമാനത്തിന്റെ പൈലറ്റ്–ഇൻ–കമാൻഡായിരുന്ന സുമിത് കപൂർ ബിസിനസ് ജെറ്റുകൾ പറത്തുന്നതിൽ ഏറെ പരിചയസമ്പന്നനായിരുന്നു. വിവിധതരം വിമാനങ്ങൾ നിയന്ത്രിച്ചുള്ള 16,000 മണിക്കൂറിലധികം ഫ്ലൈയിങ് അനുഭവമാണ് സുമിത് കപൂറിനുണ്ടായിരുന്നത്. ലാൻഡിങ്ങിനിടെ റൺവേയ്ക്കടുത്ത് കാഴ്ചപരിധി കുറവായിരുന്നുവെന്ന കാര്യം പൈലറ്റുമാർ തമ്മിലുള്ള ആശയവിനിമയത്തിൽ പരാമർശിച്ചതായും റിപ്പോർട്ടുകളുണ്ട്. സുമിത് കപൂറും സഹ–പൈലറ്റും ഡൽഹി സ്വദേശികളായിരുന്നു.


