‘വാടക ഭർത്താക്കന്മാർക്ക്’ വൻ ഡിമാൻഡ്: ‘മണിക്കൂറിനൊരു ഭർത്താവ്’ തരംഗത്തിന് പിന്നാലെ പാഞ്ഞ് യുവതികൾ, പങ്കാളിക്കായി നാടുവിട്ട് സ്ത്രീകൾ
ലാത്വിയയിൽ പുരുഷന്മാരുടെ എണ്ണത്തിൽ വലിയ കുറവ് നേരിടുന്നതായും ഇതുമൂലം വീട്ടിലെ ജോലികൾക്കായി സ്ത്രീകൾ താൽക്കാലികമായി ‘ഭർത്താക്കന്മാരെ’ വാടകയ്ക്കെടുക്കുന്നതായും റിപ്പോർട്ട്. യൂറോസ്റ്റാറ്റിന്റെ കണക്കനുസരിച്ച്, രാജ്യത്ത് പുരുഷന്മാരെക്കാൾ 15.5 ശതമാനം സ്ത്രീകളാണ് കൂടുതൽ.
യൂറോപ്യൻ യൂണിയനിലെ ശരാശരി ലിംഗ അന്തരത്തിന്റെ മൂന്നിരട്ടിയിലധികമാണിത്. 65 വയസ്സിനു മുകളിലുള്ളവരിൽ പുരുഷന്മാരുടെ ഇരട്ടിയിലധികം സ്ത്രീകളുണ്ടെന്ന് ‘വേൾഡ് അറ്റ്ലസ്’ സർവേയും വ്യക്തമാക്കുന്നു.
പുരുഷന്മാരുടെ ഈ കുറവ് തൊഴിലിടങ്ങളിലും ദൈനംദിന ജീവിതത്തിലും പ്രകടമാണെന്ന് സ്ത്രീകൾ പറയുന്നു. പല സ്ത്രീകളുടെയും സഹപ്രവർത്തകരെല്ലാം സ്ത്രീകളാണ്. അവരോടൊപ്പം ജോലി ചെയ്യുന്നത് സന്തോഷകരമാണെങ്കിലും, മികച്ച ലിംഗാനുപാതം ഉണ്ടായിരുന്നെങ്കിൽ സാമൂഹികമായ ഇടപെടലുകൾ കൂടുതൽ സജീവമാകുമെന്നാണ് ലാത്വിയൻ സ്ത്രീകളിൽ ചിലരുടെ അഭിപ്രായം.
പുരുഷ പങ്കാളികളുടെ അഭാവത്തിൽ വീട്ടിലെ ദൈനംദിന കാര്യങ്ങൾ നിറവേറ്റാൻ, പല ലാത്വിയൻ സ്ത്രീകളും ആശ്രയിക്കുന്നത് വിവിധ ജോലികൾ ചെയ്യുന്ന പുരുഷന്മാരെ വാടകയ്ക്ക് നൽകുന്ന സേവനങ്ങളെയാണ്. ‘കൊമാൻഡ24’ പോലുള്ള പ്ലാറ്റ്ഫോമുകൾ ‘സ്വർണ്ണക്കൈകളുള്ള പുരുഷന്മാർ’ (മെൻ വിത്ത് ഗോൾഡൻ ഹാൻഡ്സ്) എന്ന പേരിൽ പ്ലംബിങ്, മരപ്പണി, അറ്റകുറ്റപ്പണികൾ, ടെലിവിഷൻ സ്ഥാപിക്കൽ തുടങ്ങിയ ജോലികൾക്ക് സഹായം വാഗ്ദാനം ചെയ്യുന്നു. ‘മണിക്കൂറിനൊരു ഭർത്താവ്’ (ഹസ്ബൻഡ് ഫോർ ആൻ അവർ) എന്ന പേരിൽ ഓൺലൈനായോ ഫോണിലൂടെയോ ബുക്ക് ചെയ്യാനും ലാത്വിയയിൽ അവസരമുണ്ട്. പെയിന്റിങ്, കർട്ടനുകൾ ശരിയാക്കൽ, മറ്റ് അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി ജോലിക്കാർ അതിവേഗം എത്തും.
ഉയർന്ന പുകവലി നിരക്കും ജീവിതശൈലീ രോഗങ്ങളും കാരണം പുരുഷന്മാരുടെ ആയുർദൈർഘ്യം കുറയുന്നതാണ് ലാത്വിയയിലെ ലിംഗ അസമത്വത്തിന് ഒരു പ്രധാന കാരണം. ‘വേൾഡ് അറ്റ്ലസ്’ അനുസരിച്ച്, ലാത്വിയയിലെ 31% പുരുഷന്മാർ പുകവലിക്കുമ്പോൾ സ്ത്രീകളിൽ ഇത് 10% മാത്രമാണ്. പുരുഷന്മാരിൽ അമിതവണ്ണവും പൊണ്ണത്തടിയും കൂടുതലാണ്.നാട്ടിൽ അനുയോജ്യരായ പങ്കാളികളെ കണ്ടെത്താൻ പ്രയാസമായതിനാൽ പല സ്ത്രീകളും വിദേശത്തേക്ക് പോകാറുണ്ട്.
ഭർത്താക്കന്മാരെ വാടകയ്ക്ക് നൽകുന്ന ഈ പ്രവണത ലാത്വിയയിൽ മാത്രമുള്ള ഒന്നല്ല. 2022-ൽ യുകെയിൽ ലോറ യങ് എന്ന യുവതി ‘റെന്റ് മൈ ഹാൻഡി ഹസ്ബൻഡ്’ എന്ന പേരിൽ സ്വന്തം ഭർത്താവായ ജയിംസിനെ വിവിധ ജോലികൾക്കായി വാടകയ്ക്ക് നൽകി ശ്രദ്ധ നേടിയിരുന്നു.


