അതിവേഗം പാഞ്ഞുവന്ന ബിഎംഡബ്യു, 20 -കാരനായ സ്കൂട്ടർ യാത്രക്കാരനെ വലിച്ചിഴച്ചു
ഗുജറാത്തിലെ രാജ്കോട്ടിൽ അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യു കാർ ഇടിച്ച് 20 വയസ്സുള്ള ഒരു വിദ്യാർത്ഥി മരിച്ചു. തിങ്കളാഴ്ച പുലർച്ചെ 2:30 ഓടെ കലാവാദ് റോഡിലെ ക്രിസ്റ്റൽ മാളിന് സമീപമാണ് സംഭവം. അപകടത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മാർവാഡി കോളേജിലെ വിദ്യാർത്ഥിയായ അഭിഷേക് നഥാനി എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും നടപടി ഉയരുകയും ചെയ്തു.
അമിതവേഗത്തിലെത്തിയ കാര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ച് കയറുന്നതും യുവാവിനെ മീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ട് പോകുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ അഭിഷേക് വളരെ പതുക്കെയാണ് വാഹനം ഓടിച്ചിരുന്നത്. അദ്ദേഹം റോഡിന്‍റെ ഒരു വശത്ത് വാഹനം ഒതുക്കാനുള്ള ശ്രമത്തിനിടെ അമിത വേഗതയിലെത്തിയ ബിഎംഡബ്യു അഭിഷേക് സഞ്ചരിച്ചിരുന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. അഭിഷേക് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി റിപ്പോര്‍ട്ടുകൾ പറയുന്നു.


