മിസൈൽ – ഡ്രോൺ ആക്രമണങ്ങളെ തകർത്തു: ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജം; യുഎഇ അതീവ ജാഗ്രതയിൽ

ദുബായ്: മേഖലയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ യുഎഇ അതീവ ജാഗ്രതയിൽ. യുഎഇയ്ക്കു നേരെ ഉണ്ടായ ആക്രമണ ഭീഷണികൾ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി പ്രതിരോധിച്ചു.

രാജ്യത്തിന്റെ ആകാശസുരക്ഷ ഉറപ്പാക്കാനും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനും പൂർണ സജ്ജമാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ശത്രുപക്ഷത്തുനിന്ന് വന്ന മിസൈലുകളും ഡ്രോണുകളും രാജ്യത്തെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമായി തകർത്തിരുന്നു.

വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ സാവധാനം സാധാരണ നിലയിലേക്ക് വരികയാണ്. കഴിഞ്ഞ 84 മണിക്കൂറിനുള്ളിൽ 1,140 വിമാനങ്ങൾ ദുബായ് രാജ്യാന്തര വിമാനത്താവളം കൈകാര്യം ചെയ്തു. എങ്കിലും, യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ടിക്കറ്റ് ഉറപ്പാക്കണമെന്നും അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും കർശന നിർദേശമുണ്ട്. ചില വിമാന സർവീസുകൾ ഇപ്പോഴും ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്കൂളുകൾക്കും സർവകലാശാലകൾക്കും നേരത്തെ തന്നെ റമസാൻ കാലയളവിലേക്കുള്ള വസന്തകാല അവധി (സ്പ്രിങ് ബ്രേക്ക്) പ്രഖ്യാപിച്ചു. ചില പരീക്ഷകൾ റദ്ദാക്കിയതായും അധികൃതർ അറിയിച്ചു.

സുരക്ഷാ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് ഒഴിവാക്കുക, മിസൈൽ മുന്നറിയിപ്പുകൾ ലഭിച്ചാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറുകയും ജനലുകൾക്കും വാതിലുകൾക്കും അടുത്തുനിന്ന് മാറി നിൽക്കുകയും ചെയ്യുക, ഔദ്യോഗിക വാർത്താ ഉറവിടങ്ങളിൽ നിന്ന് മാത്രം കാര്യങ്ങൾ മനസ്സിലാക്കുക, കിംവദന്തികൾക്ക് ചെവികൊടുക്കരുത്.

രാജ്യത്തെ ജനങ്ങളുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഔദ്യോഗിക സംവിധാനങ്ങൾ സദാ ജാഗ്രതയിലാണെന്നും അധികൃതർ ആവർത്തിച്ചു.

Share
error: Content is protected !!