‘പൂക്കൾ വിൽക്കാൻ സഹായിക്കാം’; 11കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ ട്രാഫിക് സിഗ്നലുകൾക്ക് സമീപം റോസാപ്പൂ വിൽക്കുന്ന 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം വനമേഖലയിൽ ഉപേക്ഷിച്ചു. ബോധരഹിതയായ നിലയിലാണ് പെൺകുട്ടിയെ ഉപേക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 40 വയസ്സുകാരനായ ദുർഗേഷ് എന്ന ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

മുന്നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. ജനുവരി 11ന് പ്രസാദ് നഗർ മേഖലയിലായിരുന്നു സംഭവം. ട്രാഫിക് സിഗ്നലിൽ റോസാപ്പൂ വിൽക്കുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്ക്  ഓട്ടോറിക്ഷ ഡ്രൈവർ എത്തുകയായിരുന്നു.

പൂക്കൾ വിൽക്കാൻ അടുത്തേക്ക് വന്നപ്പോൾ, കയ്യിലുള്ള എല്ലാ പൂക്കളും വിറ്റുതീർക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി പ്രതി കുട്ടിയെ വാഹനത്തിൽ കയറ്റി. തുടർന്ന് പ്രഫസർ രാം നാഥ് വിജ് മാർഗിന് സമീപമുള്ള വനമേഖലയിലെത്തിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി മരിച്ചുവെന്ന് കരുതി പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. രക്തം വാർന്ന് ബോധരഹിതയായ നിലയിലായിരുന്നു കുട്ടി. ബോധം വീണ്ടെടുത്ത പെൺകുട്ടി എങ്ങനെയോ വീട്ടിലെത്തി. ചോരയിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ട വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിക്കുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു.

Share
error: Content is protected !!