“കറുത്ത നിറമാണ്, ഒരു ഡോക്ടറാകാൻ നീ യോഗ്യയാണോ?”; വിദ്യാർഥിനിയുടെ ആത്മഹത്യയിൽ പ്രിൻസിപ്പലിനും അഞ്ച് അധ്യാപകർക്കുമെതിരെ കേസെടുത്തു

ബം​ഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ഡെന്റൽ കോളേജിലെ വിദ്യാർഥിനിയുടെ ആത്മഹത്യയിൽ പ്രിൻസിപ്പലിനും അഞ്ച് അധ്യാപകർക്കുമെതിരെ കേസെടുത്തു. യശസ്വിനി എന്ന വിദ്യാർഥിനിയെയാണ് കഴിഞ്ഞ ആഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.

മകളെ നിറത്തിന്റെ പേരിൽ അധ്യാപകർ പരിഹസിച്ചിരുന്നുവെന്നും മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നുവെന്നും യശസ്വിനിയുടെ അമ്മ പരിമള പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്നാണ് നടപടി.

“നിനക്ക് കറുത്ത നിറമാണ്, ഒരു ഡോക്ടറാകാൻ നീ യോഗ്യയാണോ?” എന്ന് സഹപാഠികളുടെ മുന്നിൽ വെച്ച് മകളോട് അധ്യാപകർ ചോദിച്ചുവെന്ന് പരിമള പരാതിപ്പെട്ടു. അധ്യാപകർ നിരന്തരം തന്നെ വേട്ടയാടിയിരുന്നതായി യശസ്വിനി വീട്ടുകാരോട് പറഞ്ഞിരുന്നു. പലപ്പോഴും സങ്കടത്തോടെയും ഒറ്റപ്പെട്ട അവസ്ഥയിലുമാണ് മകൾ വീട്ടിലെത്തിയിരുന്നതെന്ന് അമ്മ പരിമള പരാതിപ്പെട്ടു. ഒരിക്കൽ കണ്ണ് വേദനയാണെന്ന് പരാതിപ്പെട്ടപ്പോൾ പോലും അവളെ പരിഹസിക്കുകയും സെമിനാറുകളിൽ പങ്കെടുക്കാൻ അനുവാദം നിഷേധിക്കുകയും ചെയ്തു.

യശസ്വിനിയുടെ സുഹൃത്തുക്കളും സഹപാഠികളും ഈ ആരോപണങ്ങൾ ശരിവെച്ചിട്ടുണ്ട്. തന്റെ മകളെ മരണത്തിലേക്ക് തള്ളിവിട്ട അധ്യാപകർക്കെതിരെ കർശന നടപടി വേണമെന്ന് പരിമള ആവശ്യപ്പെട്ടു.

….

Share
error: Content is protected !!