വൈറ്റ് ഹൗസില്‍ ട്രംപിനെ സന്ദര്‍ശിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അത്താഴവിരുന്നിലും സാന്നിധ്യം

വാഷിങ്ടൺ: വൈറ്റ് ഹൗസില്‍വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഭാര്യ ജോര്‍ജിന റോഡ്രിഗസുമൊത്താണ് സന്ദര്‍ശനം. ഇതിന്റെ വീഡിയോ വൈറ്റ്ഹൗസ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

‘ടു ഗോട്ട്‌സ്’( GOAT- Greatest of All Time)   എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്. ക്രിസ്റ്റ്യാനോയും ജോര്‍ജിനയും ട്രംപിനൊപ്പം നടക്കുന്നതും സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ട്രംപിന്റെ മറുപടികേട്ട് ക്രിസ്റ്റ്യാനോ പൊട്ടിച്ചിരിക്കുന്നുമുണ്ട്.

കഴിഞ്ഞദിവസം സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ആദരിച്ച് ട്രംപ് ഒരുക്കിയ അത്താഴവിരുന്നില്‍ ക്രിസ്റ്റ്യാനോ പങ്കെടുത്തിരുന്നു. ചൊവ്വാഴ്ച രാത്രി വൈറ്റ് ഹൗസിലൊരുക്കിയ വിരുന്നിലാണ് താരം പങ്കെടുത്തത്. ചടങ്ങില്‍ ട്രംപ് നടത്തിയ പ്രസംഗത്തില്‍ റൊണാള്‍ഡോയെ പ്രത്യേകം പരാമര്‍ശിക്കുകയും തന്റെ മകന് ഇതിഹാസത്തെ പരിചയപ്പെടുത്തിയതായി പറയുകയും ചെയ്തിരുന്നു.

വിരുന്നില്‍ പങ്കെടുത്തതിന് ക്രിസ്റ്റ്യാനോയോട് ട്രംപ് നന്ദി പറഞ്ഞു. തന്റെ ഇളയമകനായ ബാരണ്‍ റൊണാള്‍ഡോയുടെ വലിയ ആരാധകനാണെന്നും താരത്തെ കാണാന്‍ കഴിഞ്ഞതില്‍ അവന്‍ സന്തോഷവാനാണെന്നും ട്രംപ് പറഞ്ഞു.

ട്രംപ്, കിരീടാവകാശി, ഇരുരാജ്യങ്ങളിലേയും ഉദ്യോഗസ്ഥര്‍, ആപ്പിള്‍ സിഇഒ ടിം കുക്ക്, ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് തുടങ്ങിയവര്‍ സംസാരിച്ച സ്ഥലത്തിനടുത്തുള്ള ഈസ്റ്റ് റൂമിന്റെ മുന്‍നിരയിലായിരുന്നു റൊണാള്‍ഡോയുടെ ഇരിപ്പിടം. പ്രസംഗത്തില്‍ റൊണാള്‍ഡോയെ പ്രത്യേകം പരാമര്‍ശിച്ച ട്രംപ്, വന്നതിന് അഞ്ച് തവണ നന്ദി പറയുകയും ചെയ്തു.

Share
error: Content is protected !!