നടി നവ്യ നായർക്ക് ഓസ്ട്രേലിയ പിഴയിട്ടത് ജൈവസുരക്ഷാ നിയമം ലംഘിച്ചതിന്

മെൽബൺ: കഴിഞ്ഞ ദിവസം വൈറലായ വാർത്തകളിൽ ഒന്നായിരുന്നു നടി നവ്യ നായർക്ക് മുല്ലപ്പൂവ് കൈവശം വച്ചതിന് പിഴശിക്ഷ കിട്ടിയ വിവരം. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് നവ്യ നായരുടെ കയ്യിൽ നിന്ന് പിഴ ഈടാക്കിയത്.

വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. ഓണപ്പരിപാടിയില്‍ സംസാരിക്കവെ ആണ് നവ്യ നായർ അനുഭവം പങ്കുവച്ചത്.

15 സെന്റിമീറ്റര്‍ നീളമുള്ള മുല്ലപ്പൂവാണ് തന്റെ പക്കല്‍ ഉണ്ടായിരുന്നുവെന്നാണ് നവ്യ നായർ പറഞ്ഞത്. 1,980 ഡോളര്‍ (ഏകദേശം ഒന്നേകാൽ ലക്ഷത്തോളം രൂപ) ആണ് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. മുല്ലപ്പൂവ് കൊണ്ടുപോകാന്‍ പാടില്ല എന്ന നിയമം തനിക്ക് അറിയില്ലായിരുന്നു എന്നായിരുന്നു നവ്യയുടെ പ്രതികരണം. എന്താകും കാരണമെന്ന്‌ അന്വേഷിച്ചാൽ നമുക്ക് ഇത്തരം അറിവുകൾ നിസ്സാരമല്ലന്നാണ് നവ്യയുടെ അനുഭവം നൽകുന്ന പാഠം. ഓസ്ട്രേലിയയുടെ ജൈവസുരക്ഷാ നിയമമാണ് മുല്ലപ്പൂ ഉൾപ്പെടെയുള്ളവ രാജ്യത്തേക്ക് കൊണ്ടുവരുന്നത് തടയുന്നത്.

വിദേശരാജ്യങ്ങളിൽ നിന്നുള്ള ചെടികളും പൂക്കളുമെല്ലാം ഓസ്ട്രേലിയയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്മജീവികളേയോ രോഗങ്ങളേയോ കൂടി കൊണ്ടുവരാമെന്ന കാരണത്താലാണ് ഇത്തരം നിയമം വന്നത്. ഇത്തരം സൂക്ഷ്മജീവികൾ ഓസ്ട്രേലിയയിലെ കൃഷി, വനം തുടങ്ങിയവയെ നശിപ്പിക്കാൻ കാരണമാകുകയും തദ്ദേശീയമായ സസ്യ, ജന്തുജാലങ്ങൾക്ക് ഭീഷണിയാകുകയും ചെയ്യുമെന്നതിനാലാണ് ഈ നിയമം കർശനമായി നടപ്പാക്കുന്നത്.

ഇത്തരത്തിൽ ഓസ്ട്രേലിയയ്ക്ക് പണി കിട്ടിയ പല അനുഭവങ്ങളും മുമ്പുണ്ടായിട്ടുണ്ട്. 1859ൽ ഏതാനും മുയലുകളെ വിനോദത്തിനായി യൂറോപ്പിൽ എത്തിച്ചതാണ് അതിൽ പ്രധാനപ്പെട്ടത്. ഓസ്ട്രേലിയയിൽ മുയലുകൾക്ക് സ്വാഭാവിക ശത്രുക്കളില്ലാത്തതിനാൽ അവ പെറ്റ് പെരുകുകുകയും കൃഷിഭൂമികൾ വൻതോതിൽ നശിപ്പിക്കുകയും ചെയ്തു. തദ്ദേശീയ സസ്യങ്ങളെ മുയലുകൾ തിന്നുതീർത്തതോടെ അവയെ ആശ്രയിച്ചുകഴിയുന്ന ജീവികളുടെ ആവാസവ്യവസ്ഥയും തകർന്നു.

കരിമ്പ് കൃഷി നശിപ്പിക്കുന്ന വണ്ടുകളെ നിയന്ത്രിക്കാനായി കൊണ്ടുവന്ന കരിമ്പൻ പോക്കാന്തവള, വേലി കെട്ടാനായി കൊണ്ടുവന്ന ഒരുതരം കള്ളിമുൾ ചെടി എന്നിവയും ഓസ്ട്രേലിയയ്ക്ക് വലിയ തലവേദനയായി മാറിയ ചരിത്രമുണ്ട്. ന്യൂസീലാൻഡ്, യുഎസ്, ജപ്പാൻ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലും കർശനമായ ബയോസെക്യൂരിറ്റി നിയമങ്ങളുണ്ട്.

Share
error: Content is protected !!