ഖത്തറിൽ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ; ‘ഞെട്ടിപ്പിക്കുന്ന നടപടി, ഖത്തറുമായി സംസാരിക്കും’; ഇന്ത്യ

ഖത്തറിൽ തടവിലായ ഒരു മലയാളി ഉൾപ്പെടെ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു. വിധി ഞെട്ടിപ്പിക്കുന്നതെന്ന് ഇന്ത്യ. കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറുമായി ഇന്ത്യ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.  കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഖത്തറുമായി ഇക്കാര്യം സംസാരിക്കും.

ക്യാപ്റ്റന്‍ നവ്‌തേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ പുരേന്ദു തിവാരി, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, നാവികന്‍ രാഗേഷ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.

ഇവരുടെ ജാമ്യാപേക്ഷ പലതവണ ഖത്തർ അധികൃതർ തള്ളുകയും തടവ് നീട്ടുകയും ചെയ്തിരുന്നു. അതിന് ശേഷം ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ഇന്ന് വിധി പുറപ്പെടുവിച്ചത്. ഈ മാസം വിധി വരുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. കേസിലെ ഏഴാമത്തെ വാദം ഒക്ടോബർ മൂന്നിന് പൂർത്തിയായിരുന്നു. ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഒക്‌ടോബർ ഒന്നിന് ഇവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള നിയമ നടപടികൾ നടന്ന് വരികായായിരുന്നു. അതിനിടെയാണ് ഇന്ന് വധശിക്ഷ വിധിച്ചുകൊണ്ടുള്ള വിധ വന്നത്.

“വധശിക്ഷയുടെ വിധിയിൽ ഞങ്ങൾ അഗാധമായി ഞെട്ടിപ്പോയി, വിശദമായ വിധിക്കായി കാത്തിരിക്കുകയാണ്. കുടുംബാംഗങ്ങളുമായും നിയമ സംഘവുമായും ഞങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു, ഞങ്ങൾ എല്ലാ നിയമ സാധ്യതകളും ആരായുകയാണ്,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഖത്തര്‍ പ്രതിരോധ സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിന് ഖത്തറില്‍ എത്തിയ ഉദ്യോഗസ്ഥരായിരുന്നു ഇവർ. ഖത്തർ നാവിക സേനക്ക് പരിശീലനം നൽകുകയും ഇതോടൊപ്പം മറ്റ് അനുബന്ധ ഉപകരണങ്ങളും നൽകുന്ന കമ്പനിയാണ് അൽദഹ്റ.
കഴിഞ്ഞ ആഗസ്റ്റിലാണ് ഇവരെ അറസ്റ്റു ചെയ്തത്.

ഇസ്രയേലിനായി ചാരവൃത്തി നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ് എന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. 2022 ഓഗസ്റ്റ് മുതൽ ഇവർ ജയിലിൽ കഴിയുകയാണ്. ദോഹയിൽ വച്ച് ഖത്തർ രഹസ്യാന്വേഷണ വിഭാഗമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അവർക്ക് കോൺസുലാർ സേവനങ്ങളും നിയമ സഹായങ്ങളും അനുവദിച്ചിരുന്നു. കൂടാതെ അവരുടെ മോചനത്തിനായി ഇന്ത്യ ഇടപെട്ട് പ്രവർത്തിക്കുന്നുണ്ടെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഇസ്രായേലിന് വേണ്ടി അന്തർവാഹിനി സംവിധാനത്തിലൂടെ ഇവർ ചാരപ്പണി നടത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഖത്തർ അധികൃതരും വ്യക്തമാക്കിയിരുന്നു.

വിചാരണ വളരെ രഹസ്യമായതിനാൽ ആദ്യഘട്ടങ്ങളിൽ ഇന്ത്യക്ക് ഇടപെടുന്നതിനും പരിമിതികളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇന്ത്യൻ സർക്കാരും ഖത്തർ സർക്കാരും തമ്മിൽ ച‍ച്ചകൾ നടന്നുവരികയായിരുന്നു. അതിനിടയിലാണ് വധശിക്ഷ വിധിച്ചതായി പുറത്തുവരുന്നത്. തടവിലായ ഉദ്യോഗസ്ഥർക്ക് 60 വയസ്സിന് മുകളിലാണ് പ്രായമെന്നാണ് വിവരം.

കസ്റ്റഡിയിലെടുത്ത ഒരു മുൻ ഉദ്യോഗസ്ഥൻ്റെ സഹോദരി മീതു ഭാർഗവ തന്റെ സഹോദരനെ തിരികെ കൊണ്ടുവരാൻ സർക്കാരിന്റെ സഹായം തേടിയിരുന്നു.

കഴിഞ്ഞ ഒരു വ‍ർഷമായി ഇവർ ഖത്തറിൽ ജയിലിൽ കഴിയുകയാണ്. വിചാരണക്ക് ശേഷം ഇവ‍ർക്ക് വധശിക്ഷ നൽകിയതായാണ് പുറത്തുവരുന്ന വിവരം. അതേസമയം,സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞുവരുന്നതേയുള്ളൂ. കൂടുതൽ വിവരങ്ങൾക്കായി ഖത്തറുമായി ബന്ധപ്പെട്ട് വരുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

ഇതുംകൂടി വായിക്കുക…

ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മുൻ നാവിക ഉദ്യോഗസ്ഥർ ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തി; പിടിയിലായവരിൽ മലയാളിയും

Share
error: Content is protected !!