മഴക്കോട്ട് കൊണ്ട് മുഖം മറച്ചെത്തി റഹീം; നിലവിളിച്ച് ജീവനക്കാർ: മാതാപിതാക്കൾ മരിച്ചത് അറിയാതെ മക്കൾ

പാരിപ്പള്ളി: അക്ഷയ സെന്ററിൽ യുവതി കൊല്ലപ്പെട്ട സംഭവം നാട് നടുക്കത്തോടയാണു ‌കേട്ടത്. അക്ഷയ സെന്ററിലെ സ്ത്രീ ജീവനക്കാർ നിലവിളിച്ചു റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കടകൾ തുറന്നിട്ടെ ഉണ്ടായിരുന്നുള്ളൂ. സമീപത്ത് ഉണ്ടായിരുന്നവർ ഓടി വന്നെങ്കിലും റഹീം കത്തി വീശി റോഡിലേക്ക് ഇറങ്ങി. അക്ഷയ സെന്ററിന് അകത്തേക്ക് ഓടി വന്നവർ വിറങ്ങലിച്ചു നിന്നു. വെള്ളം ഒഴിച്ചു തീ കെടുത്തിയ ശേഷം നദീറയെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മുറിയിലെ കംപ്യൂട്ടറുകൾ ഉൾപ്പെടെ കത്തി നശിച്ചു.

മഴക്കോട്ട് ഉപയോഗിച്ചു മുഖം മറച്ചെത്തിയ റഹീമിനെ മറ്റു ജീവനക്കാർ തിരിച്ചറിഞ്ഞില്ല. നദീറ ആധാർ എൻ‌റോൾമെന്റ് മുറിയിലായിരുന്നു. കുപ്പിയിൽ കരുതിയിരുന്ന മണ്ണെണ്ണ നദീറയുടെ തലയിലൂടെ ഒഴിച്ചു തീ കൊളുത്തി. ഒഴിക്കുന്നതിനിടെ റഹീമിന്റെ ദേഹത്തും മണ്ണെണ്ണ വീണതിനാൽ നെഞ്ചിലും വയറിന്റെ ഭാഗത്തും പൊള്ളലേറ്റു. റഹീം പരവൂർ – പാരിപ്പള്ളി റോഡിൽ ഇറങ്ങി സ്കൂട്ടറിനു സമീപത്തേക്ക് നീങ്ങി. ഈ സമയം മുറിക്കുള്ളിൽ പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കാൻ എത്തിയ യുവതി ഉണ്ടായിരുന്നു. ഇവർ നിലവിളിച്ചു പുറത്തു ചാടിയപ്പോഴാണു  മറ്റു ജീവനക്കാർ സംഭവം അറിയുന്നത്. എന്നാൽ കുടുതൽ ആളുകൾ ഓടി വരുന്നത് കണ്ട് ഇടവഴിയിലൂടെ ഓടി മതിൽ ചാടി മറഞ്ഞു. ഇതിനിടെ ആളുകൾ പൊലീസിൽ വിവരം അറിയിച്ചിരുന്നു. അക്ഷയ സെന്ററിന് ഏതാനും മീറ്റർ അകലെ സ്കൂട്ടർ വച്ചാണ് പ്രതി എത്തിയത്.

സംഭവവുമായി ബന്ധപ്പെട്ടു പാരിപ്പള്ളി പൊലീസ് രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തു. നദീറയെ തീകൊളുത്തി കൊലപ്പെടുത്തിയതിനും റഹീം കഴുത്തു മുറിച്ചു ആത്മഹത്യ ചെയ്തതിനും പ്രത്യേകം പ്രത്യേകം കേസ് എടുത്തു. നദീറയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറ്റിങ്ങൽ സബ് ജയിലിൽ റിമാൻഡിലായിരുന്ന റഹിം നാലു ദിവസം മുൻ‌പാണ് ജാമ്യത്തിൽ ഇറങ്ങിയത്. കഴിഞ്ഞ‌ 13നു വൈകിട്ട്് വാടക വീട്ടിൽ വച്ചു ജാക്കി ലിവർ ഉപയോഗിച്ചു കാലുകളിൽ അടിക്കുകയും തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. 2 മണിക്കൂറോളം നദീറ ക്രൂരമർദനത്തിന് ഇരയായെന്നു സമീപവാസികൾ പറഞ്ഞു. ഈ കേസിലായിരുന്നു റഹീം ജയിലിലടക്കപ്പെട്ടത്. ജയിലിൽ നിന്ന് ഇറങ്ങി നാലാമത്തെ ദിവമാണ് അക്ഷയ സെൻ്ററിലെത്തിയുള്ള കൊലപാതകം.

 

മരിച്ചത് അറിയാതെ മക്കൾ

മാതാപിതാക്കൾ മരിച്ചത് അറിയാതെ പത്തിലും ഒൻപതിലും പഠിക്കുന്ന മക്കൾ രണ്ടുപേരും പതിവു പോലെ സ്കൂളിലായിരുന്നു. നടുക്കുന്ന വിവരം വൈകിട്ടോടെയാണ് കുട്ടികളെ അറിയിക്കുന്നത്. കയറിക്കിടക്കാൻ കിടപ്പാടമോ ഒരു തുണ്ടു ഭൂമിയോ ഇല്ലാതെ ഇവർ അനാഥാവസ്ഥയിലാണ്. പതിവു പോലെ വീട്ടിലെ ജോലികൾ എല്ലാം തീർത്തു തുണികൾ അലക്കി വിരിച്ച ശേഷം സ്നേഹത്തോടെ യാത്ര പറഞ്ഞാണ് നദീറ ജോലിക്കു പോയത്. നദീറ അക്ഷയ സെന്ററിൽ എത്തി 10 മിനിറ്റിനകമാണ് സംഭവം.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

ചോറുവെക്കാൻ താമസിച്ചതിനും മര്‍ദനം, കൊല്ലുമെന്ന് അന്നേപറഞ്ഞു; സംശയരോഗത്തിൻ്റെ തീയിൽ ചാരമായി നദീറ

Share

One thought on “മഴക്കോട്ട് കൊണ്ട് മുഖം മറച്ചെത്തി റഹീം; നിലവിളിച്ച് ജീവനക്കാർ: മാതാപിതാക്കൾ മരിച്ചത് അറിയാതെ മക്കൾ

Comments are closed.

error: Content is protected !!