മണ്ണാർക്കാട്ട് മൂന്ന് സഹോദരിമാർ മുങ്ങി മരിച്ച സംഭവം: കുട്ടികളുടെ കളിചിരികൾ മുഴങ്ങിക്കേട്ട വീട് നിശ്ശബ്ദമായി, നിലവിളികളായി; ആശ്വസിപ്പിക്കാനാകാതെ ഒരുനാട്
മണ്ണാർക്കാട്: സഹോദരിമാരായ മൂന്നുപേർ കുളത്തിൽ മുങ്ങിമരിച്ച വാർത്തയറിഞ്ഞ് അക്കരവീടും കോട്ടോപ്പാടവും വിറങ്ങലിച്ചു. ആദ്യമുയർന്ന നിലവിളികൾ പതിയെ തേങ്ങലുകളായി. മൂകമായ പ്രാർഥനകളും ബന്ധുക്കളുടെ ആശ്വാസവാക്കുകളും നിറഞ്ഞതായി ആ വീട്.
മൂന്ന് പെൺമക്കളുടെയും ജീവൻ പെരുങ്കുളം കവർന്നതിന്റെ ആഘാതത്തിൽനിന്ന് മുക്തനാവാതെ തലയും താഴ്ത്തിയിരിക്കുന്ന പിതാവ് റഷീദിന്റെ നൊമ്പരം കണ്ടുനിന്നവരിലും കണ്ണീർപടർത്തി. അകത്തെ മുറിയിൽ നിന്ന് ഉമ്മ അസ്മ കരഞ്ഞുതളർന്നു. അഞ്ചു മക്കളാണ് ഈ ദമ്പതിമാർക്ക്. വിവാഹിതരായ മൂന്ന് മക്കളിലെ നിഷീദ നാട്ടുകല്ലിൽ നിന്നും റമീഷ കണ്ടമംഗലത്തുനിന്നും ഓണം അവധിക്ക് കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടിലേക്കെത്തിയത്. കുട്ടികളുടെ കളികളും ചിരികളുമായി സന്തോഷകരമായ നിമിഷ ങ്ങളായിരുന്നു ബുധനാഴ്ച ഉച്ചവരെ ആ വീട്ടിലുണ്ടായിരുന്നത്. പൊടുന്നനെയാണ് കളിചിരികൾ ഉയർന്നിരുന്ന അക്കരവീട് ദുരന്തവീടായി മാറിയത്.

മണ്ണാർക്കാട് കോട്ടോപ്പാടം ഭീമനാട് അക്കര വീട്ടിൽ റഷീദ്-അസ്മ ദമ്പതിമാരുടെ മക്കളായ നിഷീദ അസ്ന (26), റമീഷ ഷഹനാസ് (23), റിഷാന അൽതാജ് (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു ദുരന്തം. നിഷീദയും റമീഷയും ഭർത്തൃവീടുകളിൽനിന്ന് കഴിഞ്ഞദിവസമാണ് സ്വന്തം വീട്ടിലേക്കെത്തിയത്. ചെറിയകുട്ടികൾ രണ്ടുപേർ പെരുങ്കുളം കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ തുണി അലക്കുന്നതിനുംകൂടിയായി എല്ലാവരും കുട്ടികൾക്കൊപ്പം കുളത്തിലെത്തുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
റഷീഖ അൽമാസ്, ഷമ്മാസ് അഷീഖ് എന്നിവർ മരിച്ചവരുടെ സഹോദരങ്ങളാണ്. നിഷീദയുടെ ഭർത്താവ് ഷാഫി. മക്കൾ: മുഹമ്മദ് ഷഹ്സാദ്, ഫാത്തിമ അസ്‌ലഹ. റമീഷയുടെ ഭർത്താവ് അബ്ദുൾ റഹ്‌മാൻ.
വ്യാഴാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ഭീമനാട്ടെ കുടുംബവീട്ടിൽ പൊതുദർശനത്തിനു വെക്കും. നിഷീദയുടെ മൃതദേഹം ഭർത്തൃഗൃഹമായ നാട്ടുകല്ലിൽ എത്തിച്ചശേഷം പാറമേൽ ജുമാമസ്ജിദിലും റമീഷയുടെയും റിഷാനയുടെയും മൃതദേഹം കോട്ടോപ്പാടം ജുമാമസ്ജിദിലും കബറടക്കും.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പിതാവിൻ്റെ കൺമുന്നിൽ മൂന്ന് മക്കൾ മുങ്ങിത്താഴ്ന്നു, സ്തബ്ധനായി പിതാവ്: നോവായി സഹോദരിമാരുടെ വേർപാട്