വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ‘ആരോഗ്യമന്ത്രിയെ വിശ്വസിച്ചത് തെറ്റ്; അവർ നേരിട്ടെത്താതെ വീട്ടിൽ പോകില്ല’, അറസ്റ്റിനെ തുടർന്ന് നിലപാട് കടുപ്പിച്ച് ഹർഷിന

കോഴിക്കോട്∙ മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ, മെഡിക്കൽ ബോർഡിനെതിരെ പ്രതിഷേധിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തതിൽ രൂക്ഷ പ്രതികരണവുമായി ഹർഷിന. ആരോഗ്യവകുപ്പിനെയും ആരോഗ്യ മന്ത്രിയെയും വിശ്വസിച്ചതാണ് തങ്ങൾ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്ന് ഹർഷിന പ്രതികരിച്ചു. ആരോഗ്യമന്ത്രി നേരിട്ടെത്തി ഈ പ്രശ്നത്തിന് പരിഹാരം കാണാതെ വീട്ടിൽ പോകില്ലെന്നും ഹർഷിന വ്യക്തമാക്കി.

മെഡിക്കൽ ബോർഡിനെതിരെയ പ്രതിഷേധിച്ച ഹർഷിന, ഭർത്താവ് അഷറഫ്, സമരസമിതി നേതാവ് എന്നിവരടക്കം 12 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

‘‘ഇതുവരെ അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സമരത്തിലേക്കും നമ്മൾ പോയിട്ടില്ല. നീതി കിട്ടുമെന്ന പ്രതീക്ഷ കൊണ്ടായിരുന്നു അത്. ആരോഗ്യ വകുപ്പിനെയും ആരോഗ്യ മന്ത്രിയെയും വിശ്വസിച്ചതാണ് ഏറ്റവും വലിയ തെറ്റ്. ആ തെറ്റിനാണ് എന്നെ ഇപ്പോൾ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത്. ആരോഗ്യമന്ത്രി നേരിട്ടു വന്ന് ഒരു തീരുമാനമാക്കാതെ ഞാൻ വീട്ടിൽ പോകുന്ന പ്രശ്നമില്ല.’ – ഹർഷിന പറഞ്ഞു.

‘‘ഞാൻ ഒരുപാടു വേദന അനുഭവിച്ചു. ഞാൻ ഇപ്പോഴും സഹിക്കുകയാണ്. എനിക്കൊപ്പമുള്ളവരും സഹിക്കുകയാണ്. എന്നിട്ട് ഇപ്പോഴും ഇരയായ ഞാനും എനിക്കൊപ്പമുള്ളവരുമാണ് കുറ്റക്കാർ. ഇവിടെ എവിടെയാണ് നീതി? എവിടെയാണ് നിയമം? കൊട്ടാരത്തിൽ വാഴുന്നവർക്കു മാത്രമേ ഇവിടെ നീതിയുള്ളൂ. നിയമങ്ങളെല്ലാം ഇവിടെ പൊതുജനങ്ങൾക്കും നീതി മറ്റുള്ളവർക്കുമാണ്.’

 

 

‘‘കുറ്റക്കാരെ കൊണ്ടുപോകേണ്ട പൊലീസ് ജീപ്പ്, ഇതിന്റെ സർവ ഭവിഷ്യത്തും അനുഭവിച്ച, ഇനിയും മരണം വരെ അനുഭവിക്കേണ്ട എന്നെ കൊണ്ടുപോകാനാണ് വന്നിരിക്കുന്നത്. ഇതിനൊരു പരിഹാരം കാണാതെ, മറുപടി പറയാതെ ഈ സർക്കാരിനും ആരോഗ്യമന്ത്രി വീണാ ജോർജിനും മുന്നോട്ടു പോകാനാകില്ല. മറുപടി പറയിച്ചിട്ടേ ഞാൻ പോകൂ. ഞാൻ അനുഭവിച്ച വിഷമം ചെറുതല്ല. ഇനി ഞങ്ങൾക്ക് ക്ഷമിക്കാനാകില്ല. ഇതിന് എത്രയും പെട്ടെന്ന് ഒരു തീരുമാനമാക്കിത്തരണം.’ – ഹർഷിന പറഞ്ഞു.

2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ ആർട്ടറിഫോർസെപ്സ് കുടുങ്ങിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. 2017 ജനുവരി 27ന് തലവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ എംആർഐ സ്കാനിങ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിഗമനം. അന്നത്തെ സ്കാനിങ് പരിശോധനയിൽ കണ്ടെത്താതിരുന്ന ലോഹവസ്തുവാണ് 5 വർഷത്തിനുശേഷം ഹർഷിനയുടെ വയറ്റിൽനിന്ന് കണ്ടെത്തിയത്.

എന്നാൽ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽനിന്നാണെന്ന് എംആർഐ റിപ്പോർട്ട് പ്രകാരം മാത്രം തീരുമാനിക്കാൻ പറ്റില്ലെന്ന നിലപാടാണ് മെഡിക്കൽ ബോർഡിലെ ഭൂരിഭാഗം ഡോക്ടർമാരും സ്വീകരിച്ചത്. ബോർഡ് അംഗമായ റേഡിയോളജിസ്റ്റിന്റെ ഈ നിലപാടിനെ മറ്റുള്ളവരും അനുകൂലിക്കുകയായിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!